Saturday, September 13, 2008

ഒറീസയിലെ ഭീകര താണ്ഡവം
നികുഞ്ജ് ബൂട്ടിയ

സ്വാമി ലക്ഷ്മണാനന്ദയുടെയും നാലു ശിഷ്യന്‍മാരുടെയും വധത്തിനുപിന്നാലെ ആര്‍.എസ്.എസ്, വി.എച്ച്.പി, ബജ്റംഗ്ദള്‍, ബി.ജെ.പി, എ.ബി.വി.പി എന്നീ സംഘ്പരിവാര്‍ സംഘടനകള്‍ ഒറീസയൊട്ടാകെ ഭീകരമായി അഴിഞ്ഞാടുകയായിരുന്നു. ഇരുപത്തിമൂന്നിന് രാത്രിയില്‍ ജന്മാഷ്ടമി ആഘോഷങ്ങള്‍ക്കിടെ സ്വാമിയും ശിഷ്യന്‍മാരും വധിക്കപ്പെട്ടത് അത്യന്തം ദൌര്‍ഭാഗ്യകരവും അപലപനീയവുമാണ്. ഈ കൃത്യം ആര് ചെയ്തു, എന്തിന് ചെയ്തു എന്നതൊന്നും ഇനിയും വെളിപ്പെട്ടിട്ടില്ല. സംഭവത്തിന്റെ ഉത്തരവാദിത്തം മാവോയിസ്റ്റുകള്‍ക്കു മേല്‍ ചുമത്താന്‍ സംസ്ഥാന പോലിസ്മേധാവി ഗോപാല്‍ നന്ദ ശ്രമിക്കുമ്പോള്‍ ക്രൈസ്തവരെ പഴിചാരാനാണ് സംഘ്പരിവാറിന് താല്‍പര്യം. അതേസമയം, വരും തെരഞ്ഞെടുപ്പില്‍ ബിജുജനതാദളിനെയും മറ്റും അധികാരത്തില്‍ നിന്നകറ്റാന്‍ സംഘ്പരിവാര്‍ ഫാഷിസ്റ്റുകള്‍ തന്നെ രൂപകല്‍പന ചെയ്ത സംഭവമാണിതെന്ന് സംശയിക്കുന്നവരുമുണ്ട്. അതെല്ലാം അന്വേഷിക്കേണ്ടതും സത്യം കണ്ടെത്തേണ്ടതും സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളുടെ ഉത്തരവാദിത്തമാണ്.പക്ഷേ, കൊലപാതകത്തിനു ശേഷം 24, 25 തീയതികളില്‍ പോലിസിന്റെയും ഭരണസംവിധാനത്തിന്റെയും നിലപാടുകള്‍ ജനാധിപത്യത്തിലും സമാധാനത്തിലും വിശ്വസിക്കുന്ന ആരെയും ആശങ്കപ്പെടുത്തുന്നതാണ്. ബി.ജെ.പി ബി.ജെ.ഡി നേതൃത്വത്തിലെ സര്‍ക്കാര്‍ വര്‍ഗീയ ഭീകരന്‍മാരെ കൈകാര്യം ചെയ്യുന്നതില്‍ കാണിച്ച അമാന്തം സാധാരണക്കാരില്‍ ഒരുപാട് ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്.സ്വാമി ലക്ഷ്മണാനന്ദക്ക് നേരത്തേതന്നെ ആഭ്യന്തരവകുപ്പ് പ്രത്യേകസുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. അജ്ഞാതര്‍ വധഭീഷണി കത്തയച്ചതിനെത്തുടര്‍ന്ന് രണ്ട് നാള്‍ മുമ്പ് സ്വാമി പരാതി നല്‍കുകയും സുരക്ഷാസജ്ജീകരണം തേടുകയും ചെയ്തിരുന്നു. എന്നിട്ടും എങ്ങനെയാണാവോ അക്രമികള്‍ക്ക് ആശ്രമത്തില്‍ കടന്നുകയറി സ്വാമിയുള്‍പ്പെടെ അഞ്ചുപേരെ വധിക്കാനായത്? നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പോറല്‍പോലും ഏറ്റതുമില്ല . മാധവ് ബാബ എന്ന മധു ബാബക്ക് ഒരു മരക്കൊമ്പില്‍ കയറിപ്പറ്റി രക്ഷനേടാനായത് എങ്ങനെയാവും? അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് പലപ്പോഴും പോലിസും അധികാരികളും വിലാപയാത്രകള്‍ക്ക് അനുമതി നിഷേധിക്കാറുണ്ട്. കലിംഗനഗറില്‍ പോലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ആദിവാസികളുടെ മൃതദേഹങ്ങള്‍ വഹിച്ച് വിലാപയാത്ര നടത്തുന്നത് വിലക്കിയത് ഓര്‍ക്കുന്നില്ലേ? എന്നിട്ടും വര്‍ഗീയ പ്രശ്നബാധിത പ്രദേശങ്ങളിലൂടെ ജലസ്പട്ടയില്‍ നിന്ന് ചഖപഡ വരെ 130 കിലോമീറ്ററോളം മൃതദേഹങ്ങളും വഹിച്ച് ഘോഷയാത്ര നടത്താന്‍ സായുധരും ആക്രമണോല്‍സുകരുമായ സംഘ്പരിവാറുകാര്‍ക്ക് എങ്ങനെയാണ് അനുമതി ലഭിച്ചത്? ബി.ജെ.പി പിന്തുണയോടെ 25 ന് സംസ്ഥാനവ്യാപകമായി ബന്ദ് നടത്തുമെന്ന് 23ന് രാത്രിതന്നെ ആര്‍.എസ്.എസ്^വി.എച്ച്.പി നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. 2002ല്‍ ഗുജറാത്തിനെ ചുട്ടുചാമ്പലാക്കിയും പോയവര്‍ഷം ഒറീസയെ കുരുതിക്കളമാക്കിയും സംഘ്പരിവാര്‍ നടത്തിയ ബന്ദുകളുടെ സ്വഭാവം കണക്കിലെടുത്ത് വര്‍ഗീയ അതിക്രമങ്ങള്‍ ചെറുക്കാന്‍ ആവശ്യമായ സംവിധാനമൊരുക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമായിരുന്നു. എന്നാല്‍, ആശ്രമവാസികളുടെ കൊലക്കു പിന്നാലെ ബന്ദിനു തലേന്നാള്‍ കാണ്ഡമല്‍ എസ്.പി നിഖില്‍ കുമാര്‍ കനോഡിയയെയും ലോക്കല്‍ പോലിസ് ഇന്‍സ്പെക്ടറേയും സസ്പെന്റ് ചെയ്ത സര്‍ക്കാര്‍ ഇതിനുപകരം ആളെപ്പോലും നിയമിച്ചിരുന്നില്ല. കഴിഞ്ഞ മാസം മാലിപാഡയിലെ ഗോത്രവര്‍ഗക്കാരും ദലിതുകളും ഗോമാംസം ഭക്ഷിക്കുന്നതിനെതിരെ സംഘ്പരിവാര്‍ രംഗത്തെത്തിയതിനെത്തുടര്‍ന്നുണ്ടായ കലാപ സാധ്യതയെ ഫലപ്രദമായി നേരിട്ട് ഇല്ലാതാക്കിയത് ഇപ്പോള്‍ സസ്പെന്‍ഷനിലായ എസ്.പിയും സംഘവുമാണ്. ഇതില്‍ വെറിപൂണ്ട് ആര്‍.എസ്.എസ് വി.എച്ച്.പി നേതാക്കള്‍ ഇദ്ദേഹത്തെ സ്ഥലം മാറ്റണമെന്ന ആവശ്യമുന്നയിച്ചിരുന്നതുമാണ്. കലിംഗ നഗറില്‍ ജില്ലാ കലക്ടറുടെ ആജ്ഞാനുസരണം വെടിയുതിര്‍ത്ത് ആദിവാസികളെ കൂട്ടക്കൊല ചെയ്ത പോലിസുകാര്‍ക്കെതിരെ നടപടിയെടുക്കാതെ മൃദുസമീപനം പുലര്‍ത്തിയ നവീന്‍ പട്നായിക് സര്‍ക്കാര്‍ ഈ ഉദ്യോഗസ്ഥനോട് മാത്രം ഇതുപോലൊരു നിലപാടെടുത്തതെന്താണാവോ? ഗുജറാത്ത് വംശഹത്യയില്‍ വഹിച്ച പങ്കിന്റെ പേരില്‍ പല സംസ്ഥാനങ്ങളിലും കാലുകുത്താന്‍ പോലും അനുമതി നിഷേധിക്കപ്പെട്ട കുപ്രസിദ്ധ കലാപദാഹി പ്രവീണ്‍ തൊഗാഡിയക്ക് സംസ്ഥാനം അത്യന്തം സംഘര്‍ഷാവസ്ഥയില്‍ നില്‍ക്കെ വിലാപയാത്ര നയിക്കുന്നതിന് ഒറീസയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഭുവനേശ്വര്‍ മുതല്‍ ജലസ്പട്ടവരെ 300 കിലോ മീറ്റര്‍ ദൂരം അകമ്പടിയും നല്‍കി. ഇത്ര വെളിവുകെട്ട വിധം പ്രവര്‍ത്തിക്കാന്‍ ഒറീസ സര്‍ക്കാറിനെ പ്രേരിപ്പിച്ചതെന്താണ്? അതോ, ഇമ്മാതിരി ആളുകള്‍ പടച്ചുവിടുന്ന പ്രശ്നങ്ങളെ നേരിടാനാവുമെന്ന വിശ്വാസത്തിലായിരുന്നോ സര്‍ക്കാര്‍?ബി.ജെ.പിആര്‍.എസ്.എസ് നേതാക്കളുടെ ആജ്ഞാനുസാരികളായ തെമ്മാടിക്കൂട്ടം ചെറുതായ ചെറുത്തുനില്‍പ്പു പോലുമില്ലാതെ അഴിഞ്ഞാടി, ക്രൈസ്തവരുടെ കടകളും വീടുകളും സന്നദ്ധ സംഘടനകളുടെ ഓഫീസുകളും തീയിട്ടു നശിപ്പിച്ചു. ചര്‍ച്ചുകള്‍ കൊള്ളയടിച്ച് കൊള്ളിവെച്ചു. ബരാഗറില്‍ കന്യാസ്ത്രീ മഠത്തിലെ വിദ്യാര്‍ഥിനിയെയും പുരോഹിതനെയും ക്രൂരമായി വധിച്ചു, കാണ്ഡമലില്‍ മൂന്നുപേരെ കൊന്നു ^ഇതെല്ലാം സംഭവിച്ചത് പോലിസ്സേനയുടെ കണ്‍വെട്ടത്തിലായിരുന്നു. ബി.ജെ.പി മന്ത്രിമാരുടെയും നേതാക്കളുടെയും സാന്നിധ്യത്തില്‍ വിലാപ യാത്രയെ അനുഗമിച്ച പ്രവീണ്‍ തൊഗാഡിയയുടെ നേതൃത്വത്തിലാണ് ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ അഴിച്ചുവിട്ടത്. ഈ നേതാക്കള്‍ക്കും അനുയായികള്‍ക്കുമെതിരെ ഒരു എഫ്.ഐ.ആര്‍ എങ്കിലുംതയാറാക്കപ്പെട്ടിട്ടുണ്ടോ?ഭരണസംവിധാനമോ നിയമവാഴ്ചയോ സര്‍ക്കാരോ ഇല്ലാത്ത മട്ടിലാണ് ഈ ആഗസ്റ്റ് ഇരുപത്തഞ്ച് ഒറീസയില്‍ കടന്നുപോയത്. കലാപകാരികള്‍ക്ക് തോന്ന്യാസങ്ങളെല്ലാം ചെയ്തുകൂട്ടാന്‍ അനുമതി കിട്ടിയപ്പോള്‍ അത് ഗുജറാത്ത് വംശഹത്യാനാളുകളെ ഓര്‍മപ്പെടുത്തി. ഗുജറാത്തിലെ പോലെ സാധാരണക്കാരൊന്നും വര്‍ഗീയമായി ധ്രുവീകരിക്കപ്പെട്ടില്ല എന്നത് മഹാഭാഗ്യം. ഈയിടെനടന്ന പൈശാചികതകളില്‍ സംഘ്പരിവാര്‍ നേതാക്കളും മന്ത്രിമാരും അവരുടെ പരിവാരങ്ങളും അവരുടെ വാടകഗുണ്ടകളുമല്ലാതെ മറ്റാരും പങ്കുചേര്‍ന്നില്ല. പക്ഷേ, ഈ മട്ടിലാണ് ഭരണസംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ എന്തായിരിക്കും നമ്മുടെ ജനാധിപത്യത്തിന്റെ വിധി? നിരപരാധികളായ പൌരന്‍മാര്‍ക്ക് സംരക്ഷണവും നീതിയും ഉറപ്പാക്കുന്നതില്‍ ഭരണകൂടം പരാജയപ്പെടുന്ന പക്ഷം സ്വയരക്ഷക്കായി ജനം ഭീകരതയില്‍ അഭയം തേടിയാലും അദ്ഭുതപ്പെടാനില്ല. വിവര്‍ത്തനം സവാദ് റഹ്മാന്‍

No comments: